വിവാദത്തിലകപ്പെട്ടുകിടക്കുന്ന കമലഹാസന്റെ പുതിയ ചിത്രമായ 'വിശ്വരൂപം' ശനിയാഴ്ച മദ്രാസ് ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് കെ. വെങ്കിട്ടരാമനുവേണ്ടി ചെന്നൈയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതിനെതിരെ നടനും സംവിധായകനുമായ കമലഹാസന്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേട്ടപ്പോള്‍ ജനവരി 26-ന് ചിത്രം കണ്ട് വിലയിരുത്തിയ ശേഷം ജനവരി 28-ന് തമിഴ്‌നാട്ടില്‍ ഇതിന് പ്രദര്‍ശനനാനുമതി നല്‍കുന്ന കാര്യത്തില്‍ വിധിപറയുമെന്നായിരുന്നു വാദംകേട്ട ജസ്റ്റിസ് കെ. വെങ്കിട്ടരാമന്‍ അറിയിച്ചിരുന്നത്. ഇതിന്‍ പ്രകാരമാണ് ജഡ്ജിക്ക് മുന്നില്‍ വിശ്വരൂപം ശനിയാഴ്ച പ്രദര്‍ശിപ്പിച്ചത്.

ജസ്റ്റിസ് കെ. വെങ്കിട്ടരാമനൊപ്പം വിശ്വരൂപം കാണാന്‍ ചില മുസ്‌ലിം സംഘടനാ പ്രതിനിധികളും ചെന്നൈയിലെ പ്രിവ്യൂ തിയേറ്ററില്‍ എത്തിയിരുന്നു. വിശ്വരൂപത്തിന്റെ പ്രദര്‍ശനം നിരോധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് രാജ്കമല്‍ ഇന്‍റര്‍നാഷണല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് ജനവരി 28-നാണ്. അന്നേദിവസം ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി ഒരു തീരുമാനത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്ന ചില രംഗങ്ങള്‍ വിശ്വരൂപത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായിരംഗത്തെത്തിയത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉടലെടുത്തേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിശ്വരൂപത്തിന്റെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞത്.

വിശ്വരൂപം തമിഴ്‌നാട്ടില്‍ ജനവരി 25-ന് റിലീസ് ചെയ്യേണ്ടതായിരുന്നു. ഫിബ്രവരി ഒന്ന്, രണ്ട് തീയതികളിലായി ഡി.ടി.എച്ച്. റിലീസും നിശ്ചയിച്ചിരുന്നതാണ്. താന്‍ എക്കാലവും മുസ്‌ലിം സമുദായത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും സത്യത്തിനും നീതിക്കുംവേണ്ടി ഒരു അഭിനേതാവിന്റെ പരിമിതികള്‍ മറികടന്നും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും കമല്‍ പ്രതികരിച്ചിരുന്നു.

Comments